Saturday, February 10, 2007

അവള്‍ വിശ്വസ്തയായിരുന്നോ???

സംഭവം നടക്കുന്നത് ഏതാണ്ട് ഒരു കൊല്ലം മുമ്പാണ്... 3 മാസത്തെ യു.എസ്. ജീവിതത്തിലെ ഒരു പിടി നല്ല ഓര്‍മ്മകളുമായി മലയാള മണ്ണിലേക്കുള്ള യാത്രക്കിടയിലായിരുന്നു അത്..

സ്ഥലം - ലോസ് ഏഞ്ചല്‍‌സ് എയര്‍പോര്‍ട്ട്..
വിമാനം പറന്നു പൊങ്ങാന്‍ ഇനി ഏതാനും മിനിട്ടുകള്‍ മാത്രം. ജനാലക്കരികിലുള്ള സീറ്റ് തന്നെ കിട്ടിയതില്‍ സന്തോഷിച്ച് വാച്ചിലേക്ക് സമയവും നോക്കിയിരിക്കുകയായിരുന്നു ഞാന്‍. ഇനി ഒന്നര ദിവസത്തെ ഫ്ലൈറ്റ് യാത്രയുണ്ട്. അതിന്‍റെ മുഷിച്ചിലിനെ പറ്റി ആലോചിച്ചു കൊണ്ട് കൈയില്‍ കിട്ടിയ ഒരു മാസികയില്‍ വെറുതെ കണ്ണോടിച്ചു.മാസികയിലെ താളുകള്‍ മറിക്കുന്നതിനിടയില്‍, പെട്ടന്ന് ദൂരെ എന്തിലോ കണ്ണുകള്‍ ഉടക്കി.. അങ്ങ് ദൂരെ,, ഒരു അപ്സരസ്സ് (അതിനെ അങ്ങനെയല്ലേ പറയുന്നത്??) തന്‍റെ സീറ്റ് തേടി മെല്ലെ നടന്ന് അടുക്കുന്നു..ഞാനറിയാതെ വായിച്ചു കൊണ്ടിരുന്ന മാസിക തന്നേ അടഞ്ഞു......

കൊക്കരക്കോ.. കോ...
ഉള്ളിന്‍റെയുള്ളില്‍ എവിടെയോ ഒരു പൂവങ്കോഴി ഉറക്കമുണര്‍ന്ന് കൂ‍വുന്നതു പോലെ തൊന്നി... അവളുടെ മൂക്ക് ചപ്പിയതായിരുന്നു(ആരും ഇടിച്ച് ചപ്പിച്ചതല്ല..)...ഒട്ടും വിടരാത്ത കണ്ണുകള്‍.. മൂക്കില്‍ ഒരു കോമ്പസ് കുത്തി വരച്ചതു പോലെ പരന്ന വട്ടമുഖം...ജാക്കിച്ചാന്‍റെ നേര്‍ പെങ്ങളുടെ മുഖച്ഛായ..അവള്‍ അടി വെച്ചടിവെച്ച് മുന്നോട്ട് നടന്നപ്പോഴും ഞാന്‍ എന്‍റെ അടുത്ത് ഒഴിഞ്ഞ് കിടന്ന രണ്ട് സീറ്റുകളിലേക്ക് നോക്കി. എന്‍റെ തൊട്ടടുത്ത സീറ്റല്ലെങ്കിലും അതിനടുത്തെങ്കിലും അവള്‍ക്ക് ഇടം കിട്ടിയാല്‍ മതിയായിരുന്നു. മുന്നോട്ട് നടന്ന് എന്‍റെ സീറ്റിനടുത്തെത്തിയപ്പോള്‍ അവള്‍ ഒന്നു നിന്നു.. കൈയിലുള്ള ബോര്‍ഡിങ് പാസിലും സീറ്റ് നമ്പറിലും മാറി മാറി നോക്കി.. ഒടുവില്‍ എന്‍റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരിയും സമ്മാനിച്ച് ലവള്‍ മൊഴിഞ്ഞു-“ഹായ്.."


ഇതില്‍ കൂടുതല്‍ എന്തു വേണം?? ആ കോഴി കൂവുന്ന ശബ്ദം അശരീരി പോലെ ഇപ്പോഴും ഉച്ചത്തില്‍ എവിടെയോ കേള്‍ക്കാം.തൊണ്ടയില്‍ ഒരു കൊഴുക്കട്ട സംഭരിച്ച് അല്പം ഘന ഗം‌ഭീരമായ സ്വരത്തില്‍ ഞാനും തിരിച്ചു ചോദിച്ചു... ഹേയ്... ഹവ്വാഴ് യൂ??ഹാന്‍ഡ് ലഗേജ് ഒതുക്കി വെച്ച് അവള്‍ എന്‍റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നു....ഹോ..അവളുടെ ഒരു ഭാഗ്യം നോക്കണേ.. അപ്പോഴും അവളുടെ ചുണ്ടില്‍ നിന്ന് ആ പുഞ്ചിരി മാഞ്ഞിരുന്നില്ല..


സ്ഥലം - പസിഫിക് മഹാസമുദ്രത്തിന് മുകളില്‍..ആകാശത്ത് വെച്ച്..
അവളുടെ പേര് "വിര്‍ജീനിയ വൂ"... തായ്‌വാന്‍ സ്വദേശിനി...രാകേഷ് എന്ന പേരവള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.. വിര്‍ജീനിയ വൂ എന്ന് ഞാനും... ഹോ!!! എന്തൊരു കോയിന്‍സിഡെന്‍സ്..
8 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അവള്‍ക്ക് തായ്‌വാനിലെ തായ്പേയ് എയര്‍പോര്‍ട്ടിലാണ് ഇറങ്ങേണ്ടത്... എനിക്ക് അവിടുന്നും കുറേ പോകാനുണ്ട് സിങ്കപ്പൂരിലേക്ക്..

വിര്‍ജീനിയ വൂ ലോസ് ഏഞ്ചത്സിലെ ഏതോ മുന്തിയ കമ്പനിക്കു വേണ്ടി 6 മാസത്തെ ബിസിനസ് വിസിറ്റിനു തായ്‌വാനില്‍ നിന്ന് വന്നതായിരുന്നു. അവിടെ ഒറ്റക്ക് താമസിക്കുകയായിരുന്നു അവള്‍....കൂട്ടുകാര്‍ ആരുമില്ലായിരുന്നു.. വളരെ വിചിത്രമായ രീതികള്‍ ഉള്ള നാട്.. ഏറെ കാലത്തെ ഏകാന്ത വാസത്തിനു ശേഷം സ്വന്തം മണ്ണിലേക്ക് മടങ്ങുന്നതിന്‍റെ ആഹ്ലാദത്തിലായിരുന്നു അവള്‍...

ചുണ്ടില്‍ നിന്ന് മുത്തൊന്നും പൊഴിഞ്ഞില്ലെങ്കിലും അവള്‍ വളരെ നന്നായി ഏറെ നേരം സംസാരിച്ചു... അമേരിക്കയിലെ വിശേഷങ്ങള്‍,ജോലിയുടെ വിശേഷങ്ങള്‍..പിന്നെ എന്തെല്ലാമൊക്കെയോ.. മേഘപ്പുതപ്പുകള്‍ക്കിടയിലൂടെ ഒഴുകി നീങ്ങുന്ന സിംഗപ്പൂര്‍ എയര്‍ ലൈന്‍സിലിരുന്ന് ആ നിലാവത്ത് കണ്ണില്‍ കണ്ണില്‍ നോക്കിയിനുന്ന് ഞങ്ങള്‍ ഏറെ നേരം പഞ്ചാരയടിച്ചു..

അവള്‍ വര്‍ക്ക് ചെയ്തിരുന്ന ടെക്നോളജിയെപ്പറ്റിയായി പിന്നെ സംസാരം.. എന്തോ കൂടിയ ഇനം ആണ്.. അധികം കേട്ടുകേള്‍വി ഇല്ലാത്തതിനാല്‍ കൌതുകത്തോടെ അതു കേട്ടിരിക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. അഭിപ്രായങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല.ഇനി രാമായണം മുഴുവന്‍ വായിച്ചു കഴിഞ്ഞതിനു ശേഷം സീതയുടെ മാപ്പിള ബ്രൂസിലി ആയിരുന്നു, അല്ലേ??? എന്ന് ചോദിച്ചതു പോലെയാകരുതല്ലോ??


ഏറെ നേരവും സംസാരിച്ചത് വിര്‍ജീനിയ ആയിരുന്നു. ഞാന്‍ ഒരു മൂകനായ ശ്രോതാവായി മാറുകയാണെന്ന് എപ്പോഴോ എനിക്ക് തോന്നിത്തുടങ്ങി.അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ... എന്തിനെ പറ്റിയെങ്കിലും ആധികാരികമായി സംസാരിക്കണം.. അമേരിക്കന്‍ ജീവിതത്തെ പറ്റിയൊക്കെ സംസാരിച്ചു കഴിഞ്ഞു.. ഇനിയിപ്പോ എന്തിനെ പറ്റിയാണ് സംസാരിക്കേണ്ടത്? എന്തെങ്കിലും ഒക്കെ പറഞ്ഞ് ബോറടിപ്പിക്കാനും പാടില്ലല്ലോ...

തലയില്‍ ഒരു ബള്‍ബ് കത്തി. തായ്‌വാനെ പറ്റി സംസാരിച്ചാലോ??? ദൈവമേ!! ഈ കൊച്ചു തലക്കകത്ത് തായ്‌വാനെ കുറിച്ചുള്ള ഒരു വിവരവും സ്റ്റോക്കില്ലല്ലോ...ജയദേവന്‍ സാര്‍!!! (എന്‍റെ സ്കൂളിലെ സാമൂഹ്യപാഠം ഗുരു)എന്തിനെന്നോടീ ക്രൂരത കാണിച്ചു?? എന്തു കൊണ്ടെനിക്ക് തായ്‌വാനെ പറ്റി ഒന്നും പറഞ്ഞു തന്നില്ല??

പെട്ടന്നാണ് ഒരു ആശയം തലയിലുദിച്ചത്.. യു. എസ്. ജീവിതത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒന്നായിരുന്നു -തായ് ഫുഡ്.ഇന്ത്യന്‍ ഫുഡിനോട് ഏറെ സാമ്യമുള്ളതിനാല്‍ ഞങ്ങള്‍ ഇടക്ക് തായ് ഭക്ഷണം കഴിക്കാന്‍ പോകുമായിരുന്നു. അപ്പോള്‍ എന്നാല്‍ ഇനി തായ്‌വാനിലെ ഭക്ഷണം ആണ് എനിക്കേറ്റവും ഇഷ്ടം എന്ന് പറഞ്ഞ് തുടങ്ങാം... അപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തത്.. നമ്മള്‍ കേരളത്തിനു പുറത്ത് വെച്ച് ഒരു വിദേശിയുടെ നാവില്‍ നിന്ന് "എനിക്ക് കേരളത്തിലെ ഭക്ഷണമാണ് ഏറ്റവും ഇഷ്ടം" എന്ന് കേള്‍ക്കാനിടയായാല്‍ അയാളോട് നമുക്കൊരു മതിപ്പൊക്കെ തോന്നില്ലേ?? ആ മതിപ്പ് ആണ് ഇപ്പോ ഈ കൊച്ചു തലയില്‍ ഉദിച്ച ബുദ്ധിയുടെ ഉദ്ദേശം... പിന്നെ മടിച്ചില്ല.. അമ്മാ.. തായേ...

ബൈ ദ വേ വിര്‍ജീനിയാ...യൂ നോ സംതിങ്??? ഞാന്‍ തുടങ്ങി...താ‍യ് ഫുഡ് എന്നാലെന്ത്? എങ്ങനെ? എന്തു കൊണ്ട് തായ് ഫുഡ് എനിക്ക് പ്രിയപ്പെട്ടതായി? എന്നതിനെ പറ്റി വളരെ നീണ്ട ഒരു പ്രഭാഷണം തന്നെ ഞാന്‍ അവതരിപ്പിച്ചു.പക്ഷേ........ അവളുടെ സ്വന്തം നാട്ടിലെ ഭക്ഷണം ആണ് എനിക്കേറ്റവും പ്രിയപ്പെട്ടത് എന്ന് എത്ര ആവര്‍ത്തിച്ച് പറഞ്ഞ് നോക്കിയിട്ടും അവളില്‍ വലിയ ഭാവ വ്യത്യാസമൊന്നും കണ്ടില്ല...മാതൃരാജ്യത്തോട് അല്പം സ്നേഹം അവള്‍ക്ക് കുറവാണെന്ന് എനിക്ക് തോന്നി.അങ്ങനെ ആ നമ്പരും ചീറ്റി..

സ്ഥലം - തായ്‌വാന്‍
‍മണിക്കൂറുകള്‍ കടന്നു പോയി. തായ്പെയ് എയര്‍പോര്‍ട്ട് ഇനി ഏതാനും മിനിട്ടുകള്‍ അകലെ.. ഈ ഫ്ലൈറ്റുകള്‍ക്കൊക്കെ അല്പം കൂടെ പതുക്കെ പറന്നാലെന്താ?? ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
ലവള്‍ മൊഴിഞ്ഞു.. താങ്കളെ പരിചയപ്പെട്ടതില്‍ പെരുത്ത് സന്തോഷം...കീപ്പ് ഇന്‍ ടച്ച്...അവള്‍ ഒരു പേനയെടുത്ത് ഒരു വെള്ളക്കടലാസില്‍ ഇടതു കൈ കൊണ്ട് വടിവൊത്ത അക്ഷരത്തില്‍ എന്തോ കുത്തിക്കുറിച്ചു.അവളുടെ പേരും നാളും ഇ മെയിലും പൂര്‍ണ്ണ മേല്‍‌വിലാസവും ഫോണ്‍ നമ്പരും. കടലാസ് എന്‍ റെ കൈയില്‍ തന്നിട്ട് പറഞ്ഞു, ഇനിയും കാണണം.. എന്‍റെ കോണ്‍ടാക്റ്റ് ഡീറ്റൈല്‍‌സ് അതിലുണ്‍ട്. ഒരല്‍‌പം ഗദ്ഗദ്ഗദ്ഗദത്തോടു കൂടി ആ പേപ്പര്‍ വാങ്ങി മടക്കിയിട്ടത് എന്‍റെ ഷര്‍ട്ടിന്‍റെ അറയിലേക്കല്ല, ഹൃദയത്തിലെ നാലറകളില്‍ ഒന്നിലേക്കായിരുന്നു..

കണ്ണുകള്‍ മെല്ലെ അടച്ച് തല ഒരു അറുപതു ഡിഗ്രി ചെരിച്ച് വെച്ച് മനസ്സില്‍ വെറുതെ ഒന്നു പറഞ്ഞു നോക്കി... "വിര്‍ജീനിയ രാകേഷ്"... ലോകം ഇന്നു വരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും പുതുമയുള്ള പേര്....

അവള്‍ തുടര്‍ന്നു... മിസ്സ് ചെയ്യുന്നു ഞാന്‍...
ദൈവമേ...ഫ്ലൈറ്റ് ലാന്‍റ് ചെയ്തില്ലല്ലോ ഇതു വരെ... അതിനു മുമ്പ് ഈയുള്ളവനെ മിസ് ചെയ്തു തുടങ്ങിയോ??
അവളേയും, അവളുടെ ഡാഡിയേയും .... പക്ഷേ നേരത്തെ തന്നെ രണ്ടു പേറ്റും എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടാകും.

ലവള്‍ ഇതു വരെ പറഞ്ഞതു പോലെയല്ല...ഇപ്പോ പറഞ്ഞതില്‍ എന്തോ ഒരു അച്ചടിപ്പിശാച് പോലെ... ഒന്നും മനസ്സിലായില്ല.."
പാര്‍ഡണ്‍ മീ... എന്താണ് വിര്‍ജീനിയേ നീ പറഞ്ഞു വന്നത്"?? ഞാന്‍ ചോദിച്ചു..

"എത്ര കാലമായി ഞാന്‍ എന്‍റെ കുഞ്ഞിനേയും അവളുടെ അച്ഛനേയും ഞാന്‍ മിസ്സ് ചെയ്യുന്നു... രണ്ടു പേരും ഇപ്പോള്‍ എന്നെ കാത്ത് എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നുണ്ടാവും..."

വിമാനം മൊത്തത്തില്‍ ഒന്നു കുലുങ്ങിയോ???
ഏയ്.. ഇല്ല..
അല്ലല്ല.. കുലുങ്ങി
ഇല്ലെന്നേ.. തോന്നിയതാ‍.. ഞാന്‍ മാത്രമേ കുലുങ്ങിയുള്ളൂ..
അമ്മാ തായേ... അപ്പോ നീ ശരിക്കും വിര്‍ജീനിയ അല്ലായിരുന്നോ??? എന്നിട്ടാണോ കഴിഞ്ഞ 8 മണിക്കൂറായിട്ട് ഒരു ക്ലൂ പോലും തരാ‍ത്തത്???


എന്താ മോളുടെ പേര്??? അല്‍‌പ നേരം തളം കെട്ടി നിന്ന നിശബ്ദത മായ്ക്കാന്‍ ഞാന്‍ ചോദിച്ചു.
ഞ,ങ,ന,മ,വ ഇതൊക്കെ സമം ചേര്‍ത്ത് മൂക്ക് കൊണ്ട് മാത്രം ഉച്ചരിക്കാന്‍ കഴിയുന്ന ഒരു വിചിത്രമായ പേര് അവള്‍ പറഞ്ഞു.ഇന്നും അന്നും ആ പറഞ്ഞു കഴിഞ്ഞ നിമിഷത്തില്‍ പോലും ആ പേര് എന്‍റെ തലയില്‍ കേറിയില്ല.

ഓ..ഹ്.. ചോ ച്വീറ്റ്.... ഞാനും വിട്ടു കൊടുത്തില്ല..
ഒരു ഷേക്ക് ഹാന്‍റ് തന്ന് നടന്നകലുമ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്‍റെയുള്ളില്‍ കിടന്ന് തിളക്കുന്നുണ്ടായിരുന്നു..

സ്ഥലം - യു. എസ്.
മാസങ്ങള്‍ കടന്നു പോയി.. ഞാന്‍ തിരിച്ച് വീണ്ടും യു. എസില്‍ എത്തി. പിന്നീട് എപ്പോഴോ തായ് ഫുഡ് അടിക്കാന്‍ ഒരു തായ് റെസ്റ്റോറന്‍റില്‍ പോയി. .. അവിടെ വെച്ച് ഹൃദയത്തിലെ ആ അറ തുറന്ന് ഒരിക്കല്‍ കൂടി വിര്‍ജീനിയ വൂ പുറത്തിറങ്ങി.. ഒരു തളര്‍ന്ന സ്വരത്തില്‍ ഒരു കൊക്കരക്കോ...കൊ... അപ്പോഴും കേള്‍ക്കാം...
അന്ന് ഏതോ ഒരു കൂട്ടുകാരനില്‍ നിന്നും എന്‍റെ മനസ്സില്‍ തിളച്ചു കൊണ്ടിരുന്ന ആ ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടി..

"ടേയ് പൊട്ടന്‍ കൊണാപ്പീ... തായ് ഫുഡ് എന്നു വെച്ചാല്‍.. തായ്‌വാനിലെ ഫുഡ് അല്ല... തായ്‌ലാന്‍ഡിലെ ഫുഡ് ആണ്.."

കോഴിയുടെ കൂവല്‍ കെട്ടടങ്ങി..എനിക്ക് ചുറ്റും ഉയരുന്ന പൊട്ടിച്ചിരികള്‍ക്കിടയിലും ഞാന്‍ ഒരു കാര്യമോര്‍ത്ത് ആശ്വാസം കണ്ടെത്തി..
“ദൈവം അറിഞ്ഞു തന്നെയാണ് ബാക്ക് അപ്പ് ആയി മനുഷ്യഹൃദയത്തിന് നാല് അറകള്‍ തന്നത്...”